Monday, September 28, 2015



      
അന്യായത്തോടുള്ള ഉചിതമായ പ്രതികരണം അത് സഹിക്കാതിരിക്കുക എന്നതാണ്.

രവീന്ദ്രനാഥ ടാഗോറിന്റെ ഗോര എന്ന നോവൽ ഇന്നലെ ആണ് വായിച്ച് തീർത്തത് ( വിവ: ഡോ അജയകുമാർ കെ സി ഡി സി പ്രസിദ്ധീകരണം 460 പേജ് ) ഒരു നൂറ്റാണ്ടു മുന്നേ കൽക്കട്ട നഗര പശ്ചാത്തലത്തിൽ എഴുതിയ ഈ കഥ ഇന്നും വായിക്കാൻ ആകുന്നു എന്നതാണ് ടാഗോറിന്റെ മേന്മ. (വിവർത്തനത്തിലെ ഭാഷപരമായ ചില പ്രശ്നങ്ങൾ ഉണ്ട് എങ്കിലും ) മതവും ആചാരങ്ങളും എങ്ങിനെ ആണ് മനുഷ്യന്റെ മുന്നോട്ടു പോക്കിനെ തടയുന്നതെന്നും സ്നേഹിക്കുന്ന മനസ്സുകളെ നൊമ്പരപ്പെടുത്തുന്നതെന്നും ടാഗോർ ഈ നോവലിൽ കാണിച്ചു തരുന്നു. ദേശീയതയും അന്തർ ദേശീയതയും ഹൈന്ദവതയും അതിഹൈന്ദവതയും മത വിശ്വാസവും മത തീവ്രതയും വ്യക്തിജീവിതവും സാമൂഹിക ജീവിതവും തമ്മിലുള്ള സവിശേഷ ബന്ധങ്ങളെ വൈകാരികമായും വൈചാരികമായും വിശകലനം ചെയ്യുന്നു ഈ നോവൽ.

ഇന്ത്യൻ ഗ്രാമങ്ങളെ ചൂഴ്ന്നു നില്ക്കുന്ന ജാതിയും മതവും തീർത്ത വേലിക്കെട്ടുകളും അതിന്റെ അർഥ ശൂന്യതയും ഇതിൽ നമുക്ക് വായിക്കാം. അനീതിക്കെതിരെ പൊരടേണ്ട യുവത്വം മത/ ജാതി ചിഹ്നങ്ങളുടെ പുറകെ വിശുദ്ധിയുടെ പെരുമായി പോകുമ്പോൾ അതിനെതിരെയുള്ള ലളിത എന്ന യുവതിയുടെ ചെറുത്ത് നില്പ് അപാരം തന്നെ. സ്ത്രീക്ക് വിദ്യാഭ്യാസം കൊടുത്താൽ അതെത്രമാത്രം സാമൂഹ്യ മാറ്റത്തിന് സഹായക മാകുമെന്ന് ഇതിൽ കാണാം. (വെറുതെ അല്ല മതം സ്ത്രീക്ക് എതിരാവുന്നത് ).ഭർത്താവിന്റെ മരണ ശേഷം ഭാര്തൃ വീട്ടുകാർ തന്നെ പരമാവധി ദ്രൊഹിച്ചിട്ടും ഹരിമോഹിനിക്ക് അവരോടുള്ള ബഹുമാനം കുറയുന്നില്ല എന്നത് മതവും ആചാരങ്ങളും എത്രകണ്ട് സ്ത്രീയെ അടിമയാക്കി യിരിക്കുന്നു എന്ന് കാണിക്കുന്നു.
എല്ലാ നന്മയുടെയും നിറകുടമായ പരെശ്ബാബു ടാഗോർ തന്നെയല്ലേ എന്ന്തോന്നിപ്പോകും. സ്നേഹിക്കാനും വിവേക ബുദ്ധിയോടെ ആചാരങ്ങളെ തിരിച്ചറിയാനും തിരുത്താനും സ്വയം ഇറങ്ങുന്ന ആനന്ദമയി നമ്മെ സാദാ ചിന്തിപ്പിച്ചു കൊണ്ടെ ഇരിക്കും.
ആചാരങ്ങൾക്ക് വേണ്ടി പോരാടുന്ന പാവം ഗോര അവസാനം തന്റെ അസ്ഥിത്വം മിഥ്യയാ ണെന്ന് തിരിച്ചറിയുമ്പോൾ ആ നൊമ്പരം നമ്മിലും ഒരു നീറ്റലായി അവശേഷിക്കും. മത/ ജാതി അസ്ഥിത്വങ്ങൾ തികച്ചും മിഥ്യധാരണ മാത്രമാണെന്ന് നാം തിരിച്ചറിയുന്നു. "മതം മനുഷ്യന് ആവശ്യം വന്നാൽ സഹായം നല്കുന്നില്ല എന്നും അപകടം വന്നാൽ സഹായിക്കില്ല എന്നും ശിക്ഷ നല്കി താഴ്ത്തി കെട്ടി കൂടുതൽ ദരിദ്രരാക്കുന്നത്തിലായിരുന്നു മതത്തിന് താത്പര്യമെന്നുമാണ് ഗോര കണ്ടത് “(പേജ് 419)

വിനയനും ഗോരയും തമ്മിലും ലളിതയും സുചരിതയും തമ്മിലും ഉള്ള സൗഹൃദം ആശയ സംഖട്ടനങ്ങളുടെയും പരസ്പരം മനസ്സിലാക്കലിന്റെയും ഊഷ്മളത തരുന്നു. ബ്രടിഷ് സാമ്രാജ്യത്വം ഇന്ത്യൻ ജനതക്ക് മേൽ വരിഞ്ഞു മുറുകുമ്പോൾ ഒന്ന് പ്രതിഷേധിക്കാൻ പോലുമാകാതെ മതത്തിന്റെയും ജാതിയുടെയും തൊട്ടു കൂടായ്മയുടെയും പേരിൽ പരസ്പരം അകന്നു നില്ക്കുന്ന അവസ്ഥ എത്ര ദാരുണമാണ്. പെണ്കുട്ടികള്ക്കായി തുടങ്ങുന്ന വിദ്യാലയം മത ശക്തികളുടെ ഇടപെടൽ മൂലം മുടങ്ങുമ്പോൾ ലളിത സുച്ചരിതയോടു പറയുന്ന ഈ വാക്കുകൾ എക്കാലത്തും മനുഷ്യ സമൂഹത്തോടുള്ള ആഹ്വാനമാണ് " അന്യായം സഹിക്കുന്നതു അത് അംഗീകരിക്കുന്നതിനു തുല്യമാണ് അന്യയത്തോടുള്ള ഉചിതമായ പ്രതികരണം അത് സഹിക്കാതിരിക്കുക എന്നതാണ്."